‘എല്ലാത്തിനെയും തീർത്തുകളയും’ കോടതിവളപ്പിൽ പോലീസുകാർ നിൽക്കെ ആർഎസ്എസ് ഭീഷണി 

BJP_Attack_Ottappalam_1140x490
ഒറ്റപ്പാലം കോടതിവളപ്പിൽ ആർ എസ് എസ് പ്രവർത്തകരുടെ മർദ്ദനത്തിനു ഇരയായ എഷ്യാനെറ്റ് ന്യൂസ് ലേഖകൻ ശ്യാംകുമാർ എഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ എഴുതിയ അനുഭവകുറിപ്പിന്റെ പൂർണരൂപം.

കടപ്പാട് – എഷ്യാനെറ്റ് ന്യൂസ്

ശനിയാഴ്ച നെല്ലായയില്‍ നടന്ന സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് ആറ് ബിജെപി പ്രവര്‍ത്തകരെ ഇന്ന് രാവിലെ ചെര്‍പ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തെന്നും ഇവരെ ഉച്ചയ്ക്ക് കോടതിയില്‍ ഹാജരാക്കുമെന്നും അറിഞ്ഞാണ് ഞങ്ങള്‍ ഉച്ചയ്ക്ക് 1.15ഓടെ കോടതി പരിസരത്ത് എത്തിയത്.

1.30ഓടെ ഒരു ടാക്സി ജീപ്പില്‍ ആറ് പ്രതികളെയും കോടതിയില്‍ കൊണ്ടുവന്നു. ആറ് പ്രതികള്‍ക്കൊപ്പം മൂന്ന് പൊലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇവര്‍ക്ക് പിന്നില്‍ എസ്‍കോര്‍ട്ടായി കോടതിയിലെത്തി. ടാക്സി ജീപ്പില്‍ പ്രതികളെ കൊണ്ടുവരുന്നത് കണ്ട മാധ്യമപ്രവര്‍ത്തകര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനാരംഭിച്ചു. ക്യാമറാമാന്‍ അല്‍പം പിന്നിലായിരുന്നത് കൊണ്ട് ഞാന്‍ മൊബൈല്‍ ഫോണിലും ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു

റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍ ശ്രീജിത്തിന്റെ വീട് കോടതിയുടെ തൊട്ടടുത്താണ്. അതകൊണ്ടുതന്നെ വീട്ടില്‍ നിന്ന് മുണ്ടുടുത്താണ് അദ്ദേഹം കോടതിയിലെത്തിയിരുന്നത്. അദ്ദേഹവും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഡെന്‍ സിറ്റി ചാനലിന്റെ പ്രതിനിധി അനൂപും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ദൃശ്യം പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട ആര്‍എസ്എസുകാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശിച്ച് മുന്നോട്ടുവന്ന് ഇത് തടസ്സപ്പെടുത്താന്‍ ശ്രമിച്ചു

മാധ്യമപ്രവര്‍ത്തകര്‍ എല്ലാവരും ആര്‍എസ്എസുകാരെ ഐഡി കാര്‍ഡ് കാണിക്കണമെന്നായിരുന്നു ആവശ്യം. നിങ്ങളെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കേണ്ട ആവശ്യമെന്താണെന്ന് ഞാന്‍ തിരിച്ചു ചോദിച്ചതും എന്റെ കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി നിലത്തെറിയാന്‍ ശ്രമിച്ചു. ഇത് തടഞ്ഞ് ഫോണ്‍ ഞാന്‍ തിരികെ പിടിച്ചുവാങ്ങി. അനൂപിന്റെ കൈവശമുണ്ടായിരുന്ന ക്യാമറ ആര്‍എസ്എസ് സംഘത്തിലുണ്ടായിരുന്ന ഒരാള്‍ പിടിച്ചുവാങ്ങി നിലത്തടിച്ച് പൊട്ടിച്ചു. ശ്രീജിത്തിനെ മര്‍ദ്ദിക്കാനുള്ള നീക്കം ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് പ്രതിരോധിച്ചു. അപ്പോള്‍ ഞങ്ങളെ കഴുത്തില്‍ പിടിച്ച് തള്ളിയിട്ടു മര്‍ദ്ദനമാരംഭിച്ചു. മര്‍ദ്ദനം തുടരുന്നതിടെ മാധ്യമപ്രവര്‍ത്തകര്‍ എല്ലാവരും ചേര്‍ന്ന് പ്രതിരോധിച്ചത് കൊണ്ടും ആര്‍എസ്എസുകാരുടെ ആള്‍ബലം കുറവായിരുന്നതു കൊണ്ടും മാത്രമാണ് വലിയ അക്രമ സംഭവങ്ങള്‍ ഒഴിവായത്. പ്രതികള്‍ക്കൊപ്പം എസ്കോര്‍ട്ടായി എത്തിയ നാല് ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ മൂന്ന് പേരാണ് ഞങ്ങളെ മര്‍ദ്ദിച്ചത്.

കോടതിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ ഇതെല്ലാം നോക്കി നിഷ്ക്രിയരായി നിന്നു. കോടതി വളപ്പിലെ നാട്ടുകാര്‍ കൂടി സ്ഥലത്തേക്ക് വന്നതോടെ ആര്‍എസ്എസ് സംഘം മര്‍ദ്ദനം നിര്‍ത്തി ഭീഷണി മുഴക്കി പിന്മാറുകയായിരുന്നു. എംഎല്‍എയും കേന്ദ്രത്തില്‍ ഭരണവും ഇല്ലാത്തപ്പോഴും വെട്ടിയിട്ടുണ്ടെന്നും എല്ലാത്തിനെയും തീര്‍ത്തുകളയുമെന്നും കോടതി വളപ്പില്‍ പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ പരസ്യമായി ഭീഷണി മുഴക്കിയ ശേഷം ബൈക്കില്‍ ഇവര്‍ കടന്നുകളഞ്ഞു. ആര്‍എസ്എസിന്റെ ജില്ലാ പ്രചാരക് കൂടിയായ വിഷ്ണു എന്നയാണ് മര്‍ദ്ദിച്ചവരില്‍ ഒരാളെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായ ഇയാള്‍ രണ്ട് വര്‍ഷത്തോളമായി പ്രദേശത്ത് ആര്‍എസ്എസ് പ്രവര്‍ത്തനം നടത്തുകയാണ്.
ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ ഞങ്ങള്‍ നല്‍കിയ പരാതിപ്രകാരം വധശ്രമം അടക്കം അഞ്ചോളം വകുപ്പുകള്‍ ചുമത്തി മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെങ്കിലും ഈ നിമിഷം വരെയും ഒരാളെപ്പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല

Advertisements